വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; കരാറുകാരനും വാട്ടർ അതോറിറ്റിക്കുമെതിരെ നടപടി വേണമെന്ന് കുടുംബം
വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നു യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരനും വാട്ടർ അതോറിറ്റിക്കും എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.വാട്ടർ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെന്ന് മരിച്ച ശ്യാമിലിന്റെ ബന്ധു സജി പ്രതികരിച്ചു.
കുഴിയിൽ വീണാണ് അപകടം ഉണ്ടായത്. നഷ്ടം തങ്ങൾക്കാണ്. ഇനി ഇങ്ങനെ ഒരു അപകടം ആർക്കും ഉണ്ടാകരുത്. ഇതിനെതിരെ നടപടി ഉണ്ടാകണം എന്നും ബന്ധു പറഞ്ഞു.
എറണാകുളം കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബ് ആണ് മരിച്ചത്. വാട്ടര്‍ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല എന്നും ശ്യാമിലിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഈ മാസം രണ്ടാം തീയതി ആണ് എറണാകുളം കങ്ങരപ്പടിയില്‍ അപകടമുണ്ടായത്. വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റാനായി എടുത്ത കുഴിയില്‍ ഇരുചക്രവാഹനം വീണാണ് അപകടം. സംഭവത്തില്‍ കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കുഴിയില്‍ വീണ ശ്യാമിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.