വനിതാ ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമം; അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസിൽ വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാവുക.
വനിതാ ഡോക്ടറുടെ വാക്കാലുള്ള പരാതി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്നും പൊലീസ് പരിശോധിക്കും. 2019ൽ അതേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
2019 ലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് ഹൗസ് സർജൻസി ചെയ്യുന്ന വനിതാ ഡോക്ടർ സീനിയർ ഡോക്ടറുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.വൈകിട്ട് 7 മണിയോടെ ക്യാബിനിൽ എത്തിയ ഡോക്ടർ മനോജ് ശരീരത്തിൽ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് വനിതാ ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. വിദേശത്തുള്ള വനിത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആരോപണ വിധേയനായ ഡോക്ടർ മനോജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ കേസെടുത്തത്. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകളോട് ലൈംഗിക അതിക്രമം കാട്ടിയെന്ന ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അതിനിടയിൽ 2019 നടന്ന സംഭവത്തിൽ എന്തുകൊണ്ടാണ് അന്നു നടപടികൾ ഇല്ലാതിരുന്നതെന്ന് ആരോഗ്യ വിജിലൻസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.