മുതിർന്ന ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതി; ആരോഗ്യവകുപ്പ് ഇന്ന് പൊലീസിന് കൈമാറിയേക്കും
എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതി ആരോഗ്യവകുപ്പ് ഇന്ന് പൊലീസിന് കൈമാറിയേക്കും. പരാതി ലഭിച്ചതിനുശേഷം വിദേശത്തുള്ള വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്താനും തുടർന്ന് കുറ്റാരോപിതനായ ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുമാണ് പൊലീസിന്റെ നീക്കം.
പരാതി ലഭിച്ചാൽ അന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 2019ലെ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ കുറിച്ച് ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗവും ആശുപത്രിയിലെത്തി തെളിവുകൾ ശേഖരിക്കും.
ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് പരാതി ഒതുക്കി തീർക്കാൻ ശ്രമം ഉണ്ടായെങ്കിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. അതേസമയം, ആരോപണ വിധേയനായ ഡോക്ടർ മനോജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. 2019 ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്‌തതായി വനിതാ ഡോക്‌ടർ ഫെയ്‌സ്‌ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്.