അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; ചോദ്യം ചെയ്യൽ വോട്ടെടുപ്പിന് ശേഷം
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ ചോദ്യം ചെയ്യൽ വോട്ടെടുപ്പിന് ശേഷം. പ്രതിയായ ഇടത് സംഘടനാ നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഹാജരാവാൻ പൂജപ്പുര പൊലീസ് നോട്ടിസ് നൽകി. കേസെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് നോട്ടിസ് നൽകുന്നത്.
സൈബർ അധിക്ഷേപ പരാതിയിൽ ഓഗസ്റ്റ് 30ന് പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വനിതാ കമ്മിഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്.
അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു’ -ഇതാണ് ഫേസ്ബുക്ക് പോസ്റ്റ്.