കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്തീൻ നാളെയും ഹാജരാകില്ല
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീൻ നാളെയും ഇഡിക്കു മുന്നിൽ ഹാജരാകില്ല. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് നടപടി. നേരത്തെ ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. എന്നാൽ രേഖകൾ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ എ സി മൊയ്തീന് എതിരെ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു ഇഡി റെയ്ഡിനെത്തിയിരുന്നത്. കരുവന്നൂര്‍ ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, ഡയറക്ടര്‍ബോര്‍ഡ് അംഗം കിരണ്‍ എന്നിവരാണ് എ സി മൊയ്തീന് എതിരായി മൊഴി നല്‍കിയിരുന്നത്.