Saturday, January 4, 2025
Kerala

തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേർക്ക് മാത്രം; 132 പേർ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നു

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരിൽ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേർക്ക് മാത്രം….132 പേരുടെ നഷ്ടപരിഹാരം സർക്കാരിന്റെ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏൽക്കുന്നവർ ആശ്രയിക്കുന്ന സിരിജഗൻ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. പട്ടി കടിയേൽക്കുന്നവരുടെ സർക്കാർ കണക്കുകൾക്ക് ആനുപാതികമായി നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ എത്തുന്നില്ലെന്ന് ജസ്റ്റിസ് എസ്. സിരിജഗൻ പറഞ്ഞു.

സുപ്രീംകോടതി നിർദേശപ്രകാരം 2016 സെപ്റ്റംബർ മുതലാണ് ജസ്റ്റിസ് സിരിജഗൻ സമിതി പ്രവർത്തനം തുടങ്ങിയത്. എറണാകുളം നോർത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗൻ സമിതിയെ സമീപിച്ചത്. ഇതിൽ 881 അപേക്ഷകളിൽ നഷ്ടപരിഹാരത്തിന് നിർദേശം നൽകി. ഇവരിൽ 749 പേർക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളിൽ ഇപ്പോഴും സർക്കാർ തീരുമാനമായിട്ടില്ല. പട്ടി കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആൾക്കാരായതിനാൽ സമിതിയെ കുറിച്ച് അവർ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗൻ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലയുകയാണ് എറണാകുളത്തെ സമിതിയുടെ ഓഫീസ്. ജീവനക്കാർ മൂന്ന് മാത്രവും.

Leave a Reply

Your email address will not be published. Required fields are marked *