പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെ നൽകി മോഷ്ടാവ്; നന്ദി പറഞ്ഞ് ഉടമ
കോഴിക്കോട്:പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകി മോഷ്ടാവ്.പഴ്‌സ് തിരികെയേല്‍പ്പിച്ച മോഷ്ടാവിനോട് നന്ദി പറഞ്ഞ് ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവ്.
ചിന്തന്‍ശിബിരം കഴിഞ്ഞു മടങ്ങവെ കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് മോഹനന്‍ പാറക്കടവിന്റെ പഴ്‌സ് കാണാതായത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയല്‍ രേഖകളും അടക്കം പഴ്‌സിലാണ് സൂക്ഷിച്ചത്. ഒടുവില്‍ കൂടെയുള്ള പ്രവര്‍ത്തകരില്‍ നിന്നും പണം വാങ്ങിയാണ് നാട്ടിലെത്തിയതെന്നും മോഹനന്‍ പറയുന്നു.
എ ടി എം കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോൺ കാൾ. എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോയെന്ന് ചോദിച്ച് കോഴിക്കോട് തപാല്‍ ഓഫീസില്‍ നിന്നും ഫോണ്‍വന്നു. പഴ്‌സ് ലഭിച്ചിട്ടുണ്ട്, എന്നാല്‍ പണം അതിലില്ലെന്നും വിളിച്ചയാള്‍ അറിയിച്ചു. മോഹനന്റേത് ഉള്‍പ്പെടെ നാല് പഴ്‌സുകള്‍ പോക്കറ്റടിച്ച കള്ളന്‍ പണം കൈക്കലാക്കിയ ശേഷം തപാല്‍ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. പണം മാത്രം എടുത്ത്, കാര്‍ഡുകളും രേഖകളും തിരികെയേല്‍പ്പിച്ച ‘അജ്ഞാതനായ പോക്കറ്റടിക്കാരനോട്’ നന്ദി അറിയിച്ചിരിക്കുകയാണ് മോഹനന്‍ പാറക്കടവ്