കേരളത്തില്‍ ഇന്ന് മുതല്‍ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തില്‍ ഇന്ന് (ആഗസ്റ്റ് നാല്) മുതല്‍ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണിതെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുകയാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യബന്ധനത്തിനുള്ള നിയന്ത്രണവും തുടരുന്നു.
എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. രാത്രി മഴ മാറി നിന്നെങ്കിലും പുലർച്ചെ മുതൽ മഴ കനത്തു. പെരിയാറിലെ ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോട്ടയത്ത് മഴക്ക് ശമനമുണ്ട്. ജില്ലയുടെ മഴയോര മേഖലകളിൽ മഴ കുറഞ്ഞു. പടിഞ്ഞാറൻ മേഖലയായ തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലും വൈക്കം വാഴമന പ്രദേശങ്ങളിലും വെള്ളക്കെട്ട്. രാത്രി പലയിടങ്ങളിലും നേരിയ മഴ ലഭിച്ചു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.