ബിജെപിയിൽ വൻ അഴിച്ചുപണി; നാല് സംസ്ഥാനങ്ങളിൽ പുതിയ പ്രസിഡന്റുമാർ
വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംസ്ഥാന ഘടങ്ങളിൽ വൻ അഴിച്ചുപണിയുമായി ബിജെപി. പഞ്ചാബ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ നാല് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റി. ഇതിന് പുറമെ രാജേന്ദ്ര ആറ്റിലയെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായും നിയമിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സുനിൽ ജാഖറിനെ നിയമിച്ചു. സുനിൽ ജാഖർ നേരത്തെ കോൺഗ്രസിലായിരുന്നു. കുറച്ചുകാലം മുമ്പ് അദ്ദേഹം പാർട്ടി വിട്ട് ബിജെപിയിൽ എത്തി. മുൻ മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ബൽറാം ജാഖറിന്റെ മകനാണ് സുനിൽ ജാഖർ. അശ്വിനി ശർമ്മയ്ക്ക് പകരമാണ് സുനിൽ എത്തുന്നത്. പാർട്ടിയിലെ വിഭാഗീയത ആളിക്കത്തിച്ചതും, ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനവും അശ്വനി ശർമയ്ക്ക് തിരിച്ചടിയായി.
ജി കിഷൻ റെഡ്ഡിക്കാണ് തെലങ്കാനയുടെ ചുമതല നൽകിയിരിക്കുന്നത്. നിലവിൽ ബി സഞ്ജയ് കുമാറാണ് തെലങ്കാന അധ്യക്ഷൻ. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ഡിയെ ജാർഖണ്ഡ് ബിജെപി അധ്യക്ഷനായി നിയമിച്ചു. ജെഎംഎം നേതൃത്വത്തിലുള്ള മഹാസഖ്യമാണ് ജാർഖണ്ഡിൽ അധികാരത്തിലുള്ളത്. ആന്ധ്രപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷയായി ഡി പുരന്ദേശ്വരിയെ നിയമിച്ചു. എന്നാൽ മധ്യപ്രദേശ്, കർണാടക എന്നിവയുമായി ബന്ധപ്പെട്ട് പാർട്ടി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.
ചില സംസ്ഥാനങ്ങളിൽ കൂടി ബിജെപി സംസ്ഥാന അധ്യക്ഷനെ മാറ്റിയേക്കും. ജൂലൈ ഏഴിന് ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. വടക്കൻ മേഖലയിലെ 13 സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇതിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്ത്, ദാമൻ ദിയു-ദാദർ നഗർ ഹവേലി എന്നിവിടങ്ങളിലെ നേതാക്കൾ പങ്കെടുക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി മോദി അടുത്തിടെ ഒരു സുപ്രധാന യോഗം നടത്തിയിരുന്നു.