ഏകീകൃത സിവില്‍ കോഡ്: എന്‍ഡിഎയിലും അഭിപ്രായ ഭിന്നത; ഗോത്രവിഭാഗങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്ന് എന്‍ഡിപിപി
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എന്‍ഡിഎയില്‍ ഭിന്നത. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍ഡിപിപിയാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്നാണ് എന്‍ഡിപിപിയുടെ നിലപാട്.
മണിപ്പൂരില്‍ എന്‍ഡിപിപിയുമായി ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ എന്‍ഡിപിപിയും 12 സീറ്റുകള്‍ ബിജെപിയും നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മണിപ്പൂരില്‍ ഭരിക്കുന്നതിനായി ബിജെപി എന്‍ഡിപിപിയുടെ കൂട്ടുപിടിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ന്യൂനപക്ഷവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍ഡിപിപി വിലയിരുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏകീകൃത സിവില്‍ കോഡ് വിഷയം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തുന്നത്. രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്നതാണ് ഏക സിവില്‍ കോഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നു. ഏക സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തതാണ്. നിയമനിര്‍മാണം നടപ്പാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഈ നാട് എങ്ങനെ രണ്ട് നിയമങ്ങളില്‍ നടക്കുമെന്നും മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ ഏക സിവില്‍ കോഡില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നത്.