സുരേന്ദ്രനെ തേജോവധം ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: കൊടകര കേസിലെ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം പരിശോധിച്ച് ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളുവെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്‍. കെ സുരേന്ദ്രനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎംമ്മിന്റേത് സ്വയം രക്ഷപെടാനുള്ള തത്രപ്പാട് . കേരളത്തിൽ കോവിഡ് മരണം , കള്ളക്കടത്തു , മരംമുറി , സ്ത്രീപീഡനം തുടങ്ങി അതിഗൗരവമായ കേസുകളിൽ പ്രതിസ്ഥാനത്തായ സിപിഎം സ്വയം രക്ഷപെടാനാണ് പ്രതിയോഗികളെ വേട്ടയാടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാർട്ടിയെ തകർക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്.
കള്ളക്കടത്തും , കരിഞ്ചന്തയും കള്ളപ്പണവും വഴി കോടികൾ സമ്പാദിച്ച സിപിഎം, സ്വന്തം വീഴ്ചയും തട്ടിപ്പും പുറത്തു വരാതിരിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ബിജെപിക്കെതിരെ കുന്തമുനകൾ തിരിച്ചുവെച്ചിട്ടുള്ളത് . കേരളത്തിൽ ജനങ്ങളുടെ പല ജീവൽപ്രശ്നങ്ങളും അതി രൂക്ഷമായിക്കഴിഞ്ഞു.കോവിഡ് പ്രതിരോധത്തിലും ക്രമ സമാധാനപാലനത്തിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കോവിഡ് മൂലം മരിച്ചവരുടെ കാര്യത്തിൽ പോലും കള്ളക്കണക്കുകളാണ് സർക്കാർ പുറത്തു വിടുന്നത്.
7000 മരണം ലിസ്റ്റിൽ ഇല്ല . കേന്ദ്രം ഇതിനോടകം 36 കോടി വാക്സിൻ ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്തു കഴിഞ്ഞു . 50,000 പേരാണ് ഭാരതത്തിലെ ശരാശരി പ്രതിദിന കോവിഡ് രോഗികളെങ്കിൽ കേരളത്തിലെ മാത്രം സംഖ്യ പതിനായിരമാണ് . 10 ശതമാനമാണ് കേരളത്തിലെ ടി പി ആർ നിരക്ക്. അതേസമയം ദേശീയ ശരാശരി 2.9 ശതമാനം. യുപിയിലെ ടി പി ആർ നിരക്ക് 0 .45 ശതമാനം മാത്രം .കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനം അമ്പേ പരാജയപ്പെടുന്നതിലുള്ള ജാള്യത മറച്ചുവെക്കാനാണ് ഇപ്പോൾ പോലീസ് കൊടകര കേസുമായി രംഗത്ത് വന്നിട്ടുള്ളത്.
പാലക്കാട് 2013 ഇൽ സിപിഎം പ്ലീനം പാസാക്കിയ പ്രമേയത്തിൽ സിപിഎം പ്രവർത്തകർ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെടരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രവർത്തകരും നേതാക്കളും ഒത്തുചേർന്ന് നടത്തിയ കള്ളക്കടത്തും തട്ടിപ്പുമാണ് പുറത്തുവരുന്നത്. കൊടകര കേസിൽ പരാതിക്കാരനെ പ്രതിസ്ഥാനത്തു നിർത്തി ഫോൺ കോൾ ലിസ്റ്റ് പരിശോധിക്കുന്നതും അന്വേഷണം വഴി തിരിച്ചു വിടുന്നതും യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ്. 21 പ്രതികൾക്കും സിപിഎം – സിപിഐ ബന്ധമുണ്ട് . കവർച്ച നടത്തിയവരുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിക്കുന്നില്ല. രാഷ്ട്രീയ ബന്ധത്തെപ്പറ്റി അന്വേഷണമില്ല.
വ്യക്തവും വിശദവുമായ അന്വേഷണം നടത്തിയാൽ കവർച്ച നടത്തിയത് സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണെന്ന് തെളിയും. സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതികളായ അർജ്ജുൻ ആയങ്കിയുടേയും ആകാശ് തില്ലങ്കേരിയുടെയും ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചാൽ അന്വേഷണം സിപിഎം നേതാക്കളിലെത്തും. അതിനൊന്നും മുതിരാതെ കൊടകര കേസിലെ പരാതിക്കാരന്റെ കോൾ ലിസ്റ്റ് മാത്രം പരിശോധിച്ചു ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു.