കുഴൽപ്പണ വിവാദം: കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു, അമിത് ഷാ, ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കൊടകര കുഴൽപ്പണം, മഞ്ചേശ്വരം കോഴ, സി കെ ജാനു കോഴ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത്
വിവാദങ്ങളിൽ സുരേന്ദ്രന്റെ വിശദീകരണം തേടും. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതിലെ ജാഗ്രത കുറവിൽ കേന്ദ്ര നേതൃത്വത്തിനുള്ള അതൃപ്തി കൂടിക്കാഴ്ചയിൽ നേരിട്ട് അറിയിക്കും.
അതേസമയം സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് മഞ്ചേശ്വരത്തെ കെ സുന്ദരക്ക് കോഴ നൽകിയ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും റിപ്പോർട്ട് തേടിയിട്ടുണ്ട്.