ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി; 3000 കെ എസ് ആർ ടി സി ബസുകൾ സി എൻ ജിയിലേക്ക്
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. കെ എഫ് സി ആസ്തി അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയായി ഉയർത്തും. കെ എഫ് സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു
കെ എസ് ആർ ടി സിക്ക് വാർഷിക വിഹിതം 100 കോടിയായി ഉയർത്തും. 3000 ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറ്റും. മുന്നൂറ് കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കലാ സാംസ്‌കാരിക മികവുള്ളവർക്ക് സഹായം പ്രഖ്യാപിച്ചു. 1500 പേർക്ക് പലിശ രഹിത വായ്പ നൽകും.
പട്ടികജാതി പട്ടിക വർഗ വികസനത്തിനായി 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം നൽകും. ഇതിനായി 10 കോടി അനുവദിച്ചു. 12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കും. കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പക്ക് 2-3 ശതമാനം സബ്‌സിഡി നൽകും. ദാരിദ്ര്യ നിർമാർജനത്തിനായി 10 കോടി പ്രാഥമികമായി നൽകും.