Friday, April 11, 2025
Kerala

ന്യായ് പദ്ധതി, ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നും അതിനാൽ നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ, ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്

പ്രധാന വാഗ്ദാനങ്ങൾ

ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ പരിഷ്‌കാര കമ്മീഷൻ, പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 6000 രൂപ, ഒരു വർഷം 72,000 രൂപ, ന്യായ് പദ്ധതിയിൽപ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ

ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്‌സിഡി, എല്ലാ ഉപഭോക്താക്കൾക്കും 100 യൂനിറ്റ് സൗജന്യ വൈദ്യുതി, കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ, കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്, അഞ്ച് ലക്ഷം പേർക്ക് വീട്

കാരുണ്യ ചികിത്സാ പദ്ധതി പുനരാരംഭിക്കും, ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം, എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ അരി സൗജന്യം, പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമാണ തുക നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയാക്കും.

Leave a Reply

Your email address will not be published. Required fields are marked *