20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്; സി എച്ച് സികളിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ കിടക്കകൾ
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും മന്ത്രി പറഞ്ഞു
20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനാണ്. 8000 കോടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കും. കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിൻ നയം തിരിച്ചടിയായെന്ന് കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.
എല്ലാ സി എച്ച് സി, താലൂക്ക് ആശുപത്രികളിൽ 10 ഐസോലേഷൻ കിടക്കകൾ അനുവദിക്കും. ഇതിനായി 635 കോടി രൂപ അനുവദിച്ചു. പകർച്ച വ്യാധി തടയാൻ ഓരോ മെഡിക്കൽ കോളജുകളിലും പ്രത്യേക ബ്ലോക്ക് അനുവദിക്കും. ഇതിനായി 50 കോടി അനുവദിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഈ വർഷം തന്നെ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കും
കുടുംബശ്രീക്ക് ആയിരം കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കാർഷിക മേഖലയിൽ ആധുനിക സംവിധാനത്തിന് 10 കോടി. ദുർബല തീര മേഖലയെ സംരക്ഷിക്കാൻ 1500 കോടി.