സൗദിയിൽ വാഹനാപകടത്തിൽ മാവൂർ സ്വദേശി മരിച്ചു
റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് മരിച്ചത്. വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ദമ്മാമിൽ നിന്ന് 165 കിലോമീറ്റർ അകലെ ജൂദായിലാണ് അപകടം നടന്നത്.
ഡൈനക്ക് പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു. അഫ്സലിന്റെ മൃതദേഹം പ്രിൻസ് സുൽത്താൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അനന്തരനടപടികൾ സ്വീകരിച്ചുവരുന്നു. നാലുമാസം മുമ്പാണ് അഫ്സൽ നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ്: ഹമീദ്, മാതാവ്: സുഹറാബി, ഭാര്യ: ശംന. മക്കൾ: മുഹമ്മദ് അജ്നാസ്, ഫാത്തിമ തൻഹ. സഹോദരൻ: ഫൈസൽ.