Monday, January 6, 2025
Kerala

ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയം; ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമെന്ന് എം.വി ഗോവിന്ദന്‍

സംസ്ഥാന ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന കടന്നാക്രമണമാണിത്.

സെസിന്റെ കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. അതേസമയം ഇന്ധനവില നിരന്തരം കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ മറച്ചുപിടിക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നതില്‍ നാല്പതിനായിരം രൂപയുടെ കുറവുണ്ടായി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മദ്യം മുതല്‍ പാര്‍പ്പിടം വരെയുള്ളവയ്ക്ക് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ ചെലവേറുകയാണ്. മദ്യത്തിന് 20 രൂപ മുതല്‍ 4 രൂപ വരെ കൂട്ടിയപ്പോള്‍, പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് ഉയര്‍ത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഒപ്പം ഫ്ളാറ്റ്/അപ്പാര്‍ട്ട്മെന്റ് മുദ്ര വില കൂട്ടി, 7% ല്‍ എത്തിച്ചു. പട്ടയം ഭൂമിയിലെ നികുതിയും പരിഷ്‌കരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *