വിഴിഞ്ഞം സംഘര്‍ഷം: സര്‍ക്കാര്‍ നടപടി പ്രഹസനം മാത്രമെന്ന് അദാനി ഗ്രൂപ്പ്
വിഴിഞ്ഞം സംഘര്‍ഷം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുമായി അദാനി ഗ്രൂപ്പ്. വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഹസനം മാത്രമാണെന്നാണ് കോടതിയില്‍ അദാനി ഗ്രൂപ്പിന്റെ വിമര്‍ശനം. കേന്ദ്രസേനയുടെ സഹായം തേടുന്നതിന് സര്‍ക്കാര്‍ എന്തിന് മടി കാണിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ചോദിക്കുന്നു. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം തടസപ്പെടുന്നുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
തുറമുഖ നിര്‍മ്മാണ പ്രദേശമടങ്ങുന്ന സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. വിഴിഞ്ഞത്ത് പദ്ധതി തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കിയ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന് നേരെ അദാനി ഗ്രൂപ്പിന്റെ വിമര്‍ശനങ്ങള്‍.
വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി വിശദമായി പരിശോധിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസിലെ പ്രതികളാക്കിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.