തിരുവനന്തപുരം കല്ലമ്പലത്ത് 22കാരിയെ നാല് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം
തിരുവനന്തപുരം: കല്ലമ്പലത്ത് കുളിക്കാന്‍ ബന്ധുവീട്ടിലെ കുളത്തിലേക്ക പോയ യുവതിയെ നാല് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. 22കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി ആശ്രയിച്ചിരുന്നത്.
ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേര്‍ ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയപ്പോവാണ് യുവതിയെ ബോധരഹിതയായി കണ്ടത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി