മുൻമന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനുമായ ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു
മുന്നോക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനുമായ ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോൺഗ്രസിലൂടെയാണ് ബാലകൃഷ്ണ പിള്ള രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് 1964ൽ കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായി. 1977ൽ കേരളാ കോൺഗ്രസ് പിളരുകയും കേരളാ കോൺഗ്രസ് ബി രൂപീകരിക്കുകയും ചെയ്തു. 1982 വരെ എൽഡിഎഫിനൊപ്പവും പിന്നീട് 2015 വരെ യുഡിഎഫിനൊപ്പവും പ്രവർത്തിച്ചു. നിലവിൽ എൽ ഡി എഫിനൊപ്പമാണ്
1975ൽ ആദ്യമായി മന്ത്രിയായി. ഗതാഗതം, എക്‌സൈസ്, ജയിൽ വകുപ്പുകളാണ് ലഭിച്ചത്. 1980-82, 82-85, 86-87 വർഷങ്ങളിൽ വൈദ്യുതി വകുപ്പ് മന്ത്രിയായും 1991-95, 2001-2004 വർഷങ്ങളിൽ ഗതാഗത വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2017ൽ മുന്നോക്ക വികസന കോർപറേഷൻ ചെയർമാനായി. കൂറുമാറ്റ നിരോധന പ്രകരാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രിയുമാണ് ബാലകൃഷ്ണ പിള്ള. പത്തനാപുരം എംഎൽഎ ഗണേഷ്‌കുമാർ, ഉഷ, ബിന്ദു എന്നിവരാണ് മക്കൾ