Tuesday, April 15, 2025
Kerala

വിഴിഞ്ഞം സമരം: സർക്കാരിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദികൻ ഉൾപ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘർഷം ഉണ്ടാക്കിയെന്നും പൊലീസിൻ്റെ സത്യവാങ്മൂലം.

ലഹളയുണ്ടാക്കിയവർക്കെതിരെയും പ്രേരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തിലെ തൽസ്ഥിതി വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. അതേസമയം വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേർക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 64 പൊലീസുകാർക്കു പരുക്കേറ്റെന്നും ചിലരുടെ പരുക്ക് ഗുരുതരമാണെന്നും വ്യക്തമാക്കി.

വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണു തിരുവനന്തപുരം പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ സത്യവാങ്മൂലം നൽകിയത്. 26നു പദ്ധതി പ്രദേശത്തിന്റെ മുഖ്യ കവാടത്തിലെത്തിയ നിർമാണ കമ്പനിയുടെ വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു. ഫാ. യൂജിൻ, ഫാ. ഫിയോവിയൂസ് എന്നിവർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തു റോഡ് തടഞ്ഞു. സമീപത്തെ പള്ളികളിലെ മണി അടിച്ചു വിശ്വാസികളെ കൂട്ടി. തുടർന്നു സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്ന 2,000 ആളുകൾ സംഘമായി അക്രമം നടത്തി, സത്യവാങ്മൂലത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *