വിഴിഞ്ഞം സംഘര്‍ഷത്തില്‍ വൈദികര്‍ക്കും പങ്കെന്ന് പൊലീസ്; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
വിഴിഞ്ഞം അക്രമത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് സത്യവാങ്മൂലം. ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചുവെന്ന് കാട്ടിയാണ് പൊലീസ് സത്യവാങ്മൂലം. വാഹനം തടയുന്നതിനും പദ്ധതി പ്രദേശത്തേക്ക് കൂടുതല്‍ ആളെക്കൂട്ടുന്നതിലും വൈദികര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്ന് സത്യവാങ്മൂലത്തിലൂടെ പൊലീസ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. വൈദികര്‍ പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്ത് എത്തി. പദ്ധതിയെ അനുകൂലിക്കുന്നവരും സമരക്കാരും തമ്മില്‍ അക്രമമുണ്ടായി. സമരക്കാര്‍ പൊലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും കയ്യേറ്റം ചെയ്തുവെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ ഹൈക്കോടതി വിധി വരുന്നത് വരെ പ്രകോപനപരമായ നടപടികള്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചന. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസും. നിലവിലെ സാഹചര്യവും അന്വേഷണ സംഘം വിലയിരുത്തും. സമരം തുടരുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീന്‍ അതിരൂപതയും.