വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
കോടതിയലക്ഷ്യഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. പൊലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാര്‍ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ പ്രതിഷേധത്തിന് കാരണം എന്തു തന്നെയായാലും നിയമപരമായി അനുമതിയുള്ള പദ്ധതിയെ തടസപ്പെടുത്താനാകില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ മുന്‍ നിലപാട്.