വിഴിഞ്ഞം സമരം 17 ആം ദിനം; അദാനി ഗ്രൂപ്പ് ഹർജികൾ ഇന്ന് പരിഗണിക്കും
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിനം. പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരസമിതി. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ എഞ്ചിനീയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് പ്രധാനമായും കോടതിയെ അറിയിച്ചത്. സമരക്കാര്‍ പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തടഞ്ഞില്ലെന്ന് തുറമുഖ നിര്‍മ്മാണ കമ്പനി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ സമരം, തുറമുഖ നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാകാമെന്നും പദ്ധതി തടസ്സപ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിലപാട്.