കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാർ. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. 36 ആം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ നിന്ന് പൊലീസ് കണ്ടെത്തി. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വലിയ ചർച്ചയായ കേസിൽ കൊലപാതകം നടന്ന് നാലര വർഷം കഴിഞ്ഞാണ് വിധി വന്നത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികൾ ഓൺലൈൻ വഴികാണാനുള്ള സംവിധാനം ഒരുക്കിയിരുന്നു.