വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി ബെയർ ഗ്രിൽസ്
ബ്രിട്ടീഷ് സാഹസികനും മാൻ Vs വൈൽഡ് എന്ന ജനപ്രിയ ടിവി ഷോയുടെ അവതാരകനുമായ ബെയർ ഗ്രിൽസ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ കീവിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ബെയർ ഗ്രിൽസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരു പ്രത്യേക പരിപാടിയിലൂടെ പ്രസിഡന്റ് സെലൻസ്‌കിയുടെ ഇതുവരെ കാണാത്ത ഒരു വശം ലോകം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
“ഈ ആഴ്ച യുക്രൈൻ്റെ തലസ്ഥാനമായ കീവിൽ പോകാനും പ്രസിഡന്റ് സെലെൻസ്‌കിയുമായി സമയം ചെലവഴിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. മറ്റാർക്കും ലഭിക്കാത്ത ഒരു അനുഭവമാണ് എനിക്ക് ലഭിച്ചത്. ശരിക്കും തങ്ങൾ ഇത് എങ്ങനെ സഹിക്കുന്നു എന്നായിരുന്നു ഞാൻ ചോദിക്കാൻ ആഗ്രഹിച്ചത്… പ്രസിഡന്റ് സെലൻസ്‌കിയുടെ ഇതുവരെ കാണാത്ത ഒരു വശം ലോകം ഉടൻ തിരിച്ചറിയും, പ്രോഗ്രാം ഉടൻ വരും… ഇത്രയും ദുഷ്‌കരമായ സമയത്തെ നിങ്ങളുടെ ആതിഥ്യത്തിന് നന്ദി. ശക്തമായി തുടരുക…..” – ബെയർ ഗ്രിൽസ് ട്വിറ്ററിൽ കുറിച്ചു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2022 ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതിനുശേഷം റഷ്യൻ ആക്രമണങ്ങളിൽ ഏകദേശം 32,000 സാധാരണക്കാർ കൊല്ലപ്പെടുകയും 700-ലധികം നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രേഖപ്പെടുത്തിയിട്ടുള്ള ആക്രമണങ്ങളിൽ 3 ശതമാനം മാത്രമാണ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്നതെന്ന് യുക്രൈൻ നയതന്ത്രജ്ഞൻ യെവ്ജെനി യെസെനിൻ പറഞ്ഞു. എയർഫീൽഡുകൾ, പാലങ്ങൾ, ഓയിൽ ഡിപ്പോകൾ, പവർ സബ്‌സ്റ്റേഷനുകൾ തുടങ്ങി 700-ലധികം നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.