ജോജുവിന്റെ കാർ തകർത്ത കേസ്: ടോണി ചമ്മണി അടക്കമുള്ള നാല് പ്രതികളും റിമാൻഡിൽ
നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിൽ അറസ്റ്റിലായ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള നാല് പ്രതികളെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ന് വൈകുന്നേരമാണ് നാല് പ്രതികളും മരട് സ്റ്റേഷനിലെത്തി കീഴടങ്ങിയത്
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റിലെ ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് കീഴടങ്ങിയ മറ്റ് പ്രതികൾ. പി ജി ജോസഫ്, ഷെരീഫ് വാഴക്കാല എന്നീ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജോജു സമരത്തെ അലങ്കോപ്പെടുത്താനാണ് ശ്രമിച്ചത്. കോൺഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഎം ഓശാരം വാങ്ങിയാണോ ജോജു പ്രവർത്തിച്ചത്. അദ്ദേഹം സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്നും ടോണി ചമ്മണി ആരോപിച്ചു.