മധ്യകേരളത്തില്‍ വീണ്ടും കനത്ത മഴ; ഉരുള്‍പൊട്ടല്‍: മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നു
കോട്ടയം: മധ്യകേരളത്തിലെ മലയോര മേഖലയില്‍ വീണ്ടും കനത്ത മഴ. ദിവസങ്ങള്‍ക്ക് കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് ശേഷം വ്യാപക മഴയുണ്ടായത്. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളായ മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെല്ലാം മഴ തുടരുന്നതായാണ് വിവരം.
മുണ്ടക്കയത്തിനടുത്തെ വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ആളപായങ്ങൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വണ്ടന്‍പതാലില്‍ മണ്ണിടിച്ചിലുമുണ്ടായതായാണ് വിവരം.
മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങൡ വെള്ളം കയറി. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കുട്ടിക്കലിലും കനത്ത മഴയാണ്.