Wednesday, January 8, 2025
Kerala

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രം; പി രാജീവ്

പി സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേസ് അന്വേഷണം വേഗത്തിലാകുന്നത് നല്ലതല്ലേ. എല്ലാ കേസ് അന്വേഷണവും വേഗത്തിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എ കെ ജി സെന്റർ അക്രമണത്തിൽ അന്വേഷണം നടക്കുന്നുവെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും വ്യക്തമാക്കി.

അതേസമയം പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *