സല്യൂട്ട് വിവാദം: നഗരപിതാവിൽ നിന്ന് കൊവിഡ് കാലത്ത് ഇതല്ല പ്രതീക്ഷിക്കുന്നതെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ
പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂർ മേയർ എം കെ വർഗീസിന്റെ പരാതിയിൽ പ്രതികരണവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയിൽ നിന്ന് പൊതുജനങ്ങളും ഉദ്യോഗസ്ഥരും കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രതീക്ഷിക്കുന്ന ചില പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് പറഞ്ഞു
പൊതുനിരത്തിൽ വെയിലും മഴയും പൊടിയുമേറ്റ് ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥർ നിർബന്ധമായും ആദരവ് നൽകണമെന്ന് കാണിച്ച് പരാതി നൽകി ആദരവ് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ സത്യത്തിൽ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥൻമാരും അലങ്കരിച്ച സ്ഥാനത്തിന് തന്നെയാണെന്നും ആർ പ്രശാന്ത് പറഞ്ഞു
ഔദ്യോഗിക കാറിൽ പോകുമ്പോൾ പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നും സല്യൂട്ട് നൽകാൻ ഉത്തരവിറക്കണമെന്നും കാണിച്ച് മേയർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.