Tuesday, January 7, 2025
World

വിഷപദാർഥങ്ങൾ അടങ്ങിയ 1500 ൽ അധികം കളിപ്പാട്ടങ്ങൾ നിരോധിച്ച് ബഹ്‌റൈൻ

മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാർഥങ്ങൾ അടങ്ങിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 1500ഓളം കളിപ്പാട്ടങ്ങൾ ബഹ്‌റൈൻ മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. വാണിജ്യവ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫീൽഡ് സർവേയുടെ ഭാഗമായി കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വിതയ്ക്കുന്ന കളിപ്പാട്ടങ്ങൾ വ്യാപകമായി കണ്ടെത്തിയത്.

പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത കളിപ്പാട്ടങ്ങൾ ജിസിസി ഹെൽത്ത് കൗൺസിലിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വസ്തുത കണ്ടെത്തിയതെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ അറിയിച്ചു. കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രാസപദാർഥങ്ങൾ ഇവയിൽ അടങ്ങിയതായാണ് കണ്ടെത്തിയത്. പ്രത്യേകിച്ചും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ ആന്റിമണി അടങ്ങിയിട്ടുള്ളതായും പരിശോധനയിൽ വ്യക്തമായി.

ഇത്തരം വിഷപദാർഥങ്ങൾ ഉൾക്കൊള്ളുന്ന കളിപ്പാട്ടങ്ങളുമായി കുട്ടികൾ കളിക്കുന്നത് അവരുടെ കണ്ണിനും ശ്വാസകോശത്തിനും വലിയ കേടുപാടുകൾക്ക് കാരണമാവും. പരിശോധനയിലെ കണ്ടെത്തലിനെ തുടർന്ന് ഇത്രയും ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വരും ദിനങ്ങളിൽ പരിശോധന വ്യാപകമാക്കും. കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഗൾഫ് ടെക്‌നിക്കൽ റെഗുലേഷൻ കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് ഉറപ്പുവരുത്താൻ കടയുടമകൾക്ക് ഉത്തരവാദിത്തമുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *