“ബിബിസി ഡോക്യുമെന്ററി ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ചവർ കേരള സ്റ്റോറി നിരോധിക്കണമെന്ന് പറയുന്നു”; അനിൽ കെ ആന്റണി
ബിബിസി ഡോക്യുമെന്ററി ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ചവർ കേരള സ്റ്റോറി നിരോധിക്കണമെന്ന് പറയുന്നതായി അനിൽ കെ ആന്റണി. സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ ചൂട് പിടിക്കുന്നതിനിടെയാണ് അനിൽ ട്വിറ്ററിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. ചില പെൺകുട്ടികളെ കുറിച്ചാണ് കേരള സ്റ്റോറി പറയുന്നത്. അവർ നേരിട്ട പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ചൂണ്ടിക്കാട്ടുന്ന ചില സാമൂഹിക പ്രശ്നങ്ങളെയാണ് അത് ഉയർത്തിക്കാട്ടുന്നത് എന്ന് അനിൽ ആന്റണി അറിയിച്ചു.
ബിബിസി ഡോക്യുമെന്ററി ഇറങ്ങിയപ്പോൾ, ഇന്ത്യയിലെ പരമോന്നത കോടതിയുടെ നിഗമനങ്ങളെ അട്ടിമറിക്കാനുള്ള നഗ്നമായ ശ്രമമായിട്ടു പോലും ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് സിപിഎമ്മും കോൺഗ്രസും. അവരാണ് കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. ഇരുവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഏത് പോരാട്ടവും കപട രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇതിനിടെ, വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി ലഭിച്ചു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ‘ഇന്ത്യൻ’ എന്നിവ നീക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായുള്ള അഭിമുഖം പൂർണമായി നീക്കി. ആകെ 41 സെക്കൻഡാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്.