Saturday, October 19, 2024
Kerala

വന്ദേഭാരതിന് നേരെ കല്ലേറ്; പ്രതിക്കായി അന്വേഷണം ഊർജിതം

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം. ആർ പി എഫ് കേസ് രജിസ്റ്റർ ചെയ്ത് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷിക്കുന്നത്. തിരുനാവായ സ്റ്റേഷന് സമീപം കാട് നിറഞ്ഞ പ്രദേശത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്.
ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്തെത്തി അന്വേഷണ സംഘം പരിശോധന നടത്തി.

ഇന്നലെ വൈകിട്ട് 5.20 ഓടെയായിരുന്നു അജ്ഞാതൻ കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ട്രെയിനിന്റെ സി ഫോർ കോച്ചിന്റെ സൈഡ് ചില്ലിൽ വിള്ളൽ സംഭവിച്ചിരുന്നു. കല്ലേറിൽ ട്രെയിനിന് സാരമായ കേടുപാടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയിൽവേ ഷൊർണൂരിൽ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അറിയിച്ചു.

കഴിഞ്ഞ 25 ന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ഫ്ളാ​ഗ് ഓഫ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ സർവീസും തുടങ്ങിയിരുന്നു. ഓടിത്തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രെയിനിനുനേരെ കല്ലേറുണ്ടായ സംഭവം ​ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.

Leave a Reply

Your email address will not be published.