‘ഗോഡ്‌സെയുടെ സിനിമ നിരോധിക്കുമോ?’, ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഒവൈസി
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തടയാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയെക്കുറിച്ചുള്ള സിനിമയും പ്രധാനമന്ത്രി തടയുമോയെന്ന് അദ്ദേഹം ചോദിച്ചു.
‘ബ്രിട്ടീഷ് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ട്വിറ്ററിലും യൂട്യൂബിലും ബിബിസി ഡോക്യുമെന്ററി മോദി സർക്കാർ നിരോധിച്ചു. ഞങ്ങൾ മോദിയോട് ചോദിക്കുന്നു, ഗുജറാത്ത് കലാപത്തിൽ ബഹിരാകാശത്ത് നിന്നുള്ളവരാണോ ആളുകളെ കൊന്നത്?’- ഹൈദരാബാദ് ലോക്‌സഭാ എംപി പറഞ്ഞു. ഗോഡ്‌സെയെക്കുറിച്ചുള്ള ബിജെപി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ബിജെപി ഡോക്യുമെന്ററി നിരോധിച്ചു. ഞാൻ പ്രധാനമന്ത്രിയോടും ബിജെപി നേതാക്കളോടും ചോദിക്കുന്നു, ഗാന്ധിയെ വധിച്ച ഗോഡ്‌സെയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഗോഡ്‌സെയെ നായകനാക്കി ഒരുക്കുന്ന സിനിമ പ്രധാനമന്ത്രി നിരോധിക്കുമോ? ഗോഡ്‌സെയുടെ സിനിമ നിരോധിക്കാൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു’ ഒവൈസി കൂട്ടിച്ചേർത്തു.