ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ അട്ടിമറിക്കും : അനിൽ കെ ആന്റണി
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് കോൺഗ്രസ് മീഡിയ സെൽ മേധാവി അനിൽ കെ ആന്റണി.
‘ബിജെപിയോടുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു, ഇന്ത്യയെ മുൻവിധിയോടെ മാത്രം കാണുന്നതും, ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായ ജാക്ക് സ്‌ട്രോയുടെ പരാമർശവും ഉൾപ്പെടുത്തിയ സ്റ്റേറ്റ് സ്‌പോൺസേർഡ് ചാനലായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും’- അനിൽ കെ ആന്റണിയുടെ ട്വീറ്റ് ഇങ്ങനെ.
വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആന്റണിയുടെ പരാമർശം. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും വ്യക്തമാക്കി. ‘India: The Modi Question’ കോളേജ് കാമ്പുസുകളിൽ പ്രദർശിപ്പിക്കാൻ കെഎസ്‌യു നേതൃത്വം കൊടുക്കുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പറഞ്ഞിരുന്നു.