രാജയുമായി രാഹുല്‍ ഗാന്ധിയെ താരത്മ്യം ചെയ്തത് ബാലിശം: കെ സുധാകരന്‍ എംപി
രാഹുല്‍ ഗാന്ധിയെയും രാജയെയും താരത്മ്യം ചെയ്ത എം.വി ഗോവിന്ദന്‍മാസ്റ്ററുടെ നടപടി ബാലിശമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാല്‍ എ രാജയെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങള്‍ അട്ടിമറിച്ച ക്രിമിനില്‍ കുറ്റത്തിന്റെ പേരിലാണ് കോടതി അയോഗ്യത കല്‍പ്പിച്ചത്. ഇവരണ്ടും ഒരുപോലെയെന്ന് കണ്ടെത്തിയ എം.വി ഗോവിന്ദന്റെ തൊലിക്കട്ടി അപാരം തന്നെയാണ്. വോട്ടര്‍മാരെ വഞ്ചിച്ച രാജ ചെയ്ത തെറ്റുതിരുത്തി മാപ്പുപറയാന്‍ പോലും സിപിഐഎം തയ്യാറായില്ല. പകരം എല്ലാ സംരക്ഷണവും നല്‍കുകയാണ്. രാജയുടെ ക്രിമിനല്‍ നടപടിയെ തുടരെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ജനം പുച്ഛത്തോടെയാണ് കാണുന്നത്. ദേവികുളത്ത് ജനവിധി നേരിടാന്‍ സിപിഎം എന്തിനാണ് ഭയക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.
സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നടപടികളെ നഖശിഖാന്തം എതിര്‍ത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. രാജ്യത്തും കേരളത്തിലും അവരുടെ കുതിപ്പിന് തടയിട്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പടയോട്ടത്തെ പരാജയപ്പെടുത്തുന്ന ചേരിയില്‍ എന്നും മുന്‍നിരയില്‍ സിപിഎമ്മുണ്ട്. ബിജെപി സംഘപരിവാര്‍ ശക്തികളോടുള്ള അവരുടെ മൃദുസമീപനത്തിന്റെ ഭാഗമായാണ് സിപിഎം എന്നും അത്തരം നിലപാട് സ്വീകരിച്ചത്. പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെച്ച് മൂന്നാം മുന്നണിവേണമെന്ന ആവശ്യം എം.വി.ഗോവിന്ദന്റെ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത് സംഘപരിവാര്‍ ശക്തികളെ സഹായിക്കാനാണ്.
കേരളത്തില്‍ ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായിട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്.അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സിപിഎമ്മിനെ അതിന് പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയപ്പോള്‍ അന്ന് അതിനെ പിന്തുണയ്ക്കാതെ ഇപ്പോള്‍ രാഹുല്‍ പ്രേമം നടിച്ച് മുതലക്കണ്ണീര്‍ പൊഴിക്കുകയാണ്.അന്ന് ബിജെപിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചവരാണ് സിപിഎമ്മുകാര്‍.സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് മാത്രം ഇന്ന് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായവരാണ് ഗോവിന്ദനും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേരള ഘടകം നേതാക്കളും. അല്ലായിരുന്നെങ്കില്‍ ബിജെപിയുടെ വിമര്‍ശനം ഏറ്റെടുത്ത് നാടുനീളെ അതിന്റെ പ്രചരണ കരാര്‍ സിപിഎം ഏറ്റെടുത്തേനെയെന്നും സുധാകരന്‍ പറഞ്ഞു.
സംഘപരിവാറിനും മോദിക്കും എതിരായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സിപിഎം കേരള ഘടകം തയ്യാറായിട്ടില്ല. രാജ്യത്ത് സ്‌നേഹത്തിന്റെ സന്ദേശം പടര്‍ത്തി വെറുപ്പിന്റെ സംഘപരിവാര്‍ രാഷ്ട്രീയത്തെ അകറ്റാന്‍ രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്രയില്‍ നിന്ന് അകലം പാലിച്ചവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ജനാധിപത്യബോധമുയര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ സംഘികളായി ചീത്രീകരിച്ച് ബിജെപിയുടെ പ്രസക്തി ഉയര്‍ത്തികാട്ടുന്നതും അവര്‍ക്ക് പ്രോത്സാഹനമായ നിലപാടുകളുമാണ് സിപിഎം സ്വീകരിക്കുന്നത്. കേരളത്തില്‍ ഏതെങ്കിലും ഒരു വ്യക്തി കാവിമുണ്ടുടുത്തത് കൊണ്ടോ തിലകക്കുറി ഇട്ടത് കൊണ്ടോ അമ്പലങ്ങളില്‍ പോയത് കൊണ്ടോ സംഘപരിവാറുകാരനാവില്ല.എന്നാല്‍ ഇവരെയെല്ലാം സംഘികളായി മുദ്രകുത്തി ബിജെപിക്ക് ഉത്തേജനം പകരുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. അത് ശിയാണോയെന്ന് എം.വി ഗോവിന്ദന്‍ ചിന്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.