രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ വേഗം ഞെട്ടിക്കുന്നത്; ഭയപ്പെടുത്താൻ കഴിയില്ലെന്ന് കോൺഗ്രസ്
രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിലൂടെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോണ്‍ഗ്രസ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചത്. വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി.
അഞ്ചുമണിക്ക് കോണ്‍ഗ്രസ് ഉന്നതതല യോഗം ചേരും. അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍ എപി പ്രതികരിച്ചു. ജനാധിപത്യവിരുദ്ധ തീരുമാനമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോടതി വിധി വന്ന വ്യാഴാഴ്ച മുതല്‍ പ്രാബല്യമെന്നാണ് ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്.