‘വിചിത്ര വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം’; ലോകായുക്ത രാജിവയ്ക്കണമെന്ന് കെ സുധാകരൻ
ലോകായുക്ത രാജിവയ്ക്കണമെന്ന് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിൽ വിചിത്രമായ വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കെ.സുധാകരൻ ആരോപിച്ചു. അഴിമതിക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാൻ ലോകായുക്ത അസംബന്ധങ്ങൾ കുത്തിനിറച്ചു. അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരം പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു.
ഫുൾ ബെഞ്ചിന് വിട്ടത് ആരെ സംരക്ഷിക്കാനാണെന്ന് ചോദിച്ച സുധാകരൻ ലോകായുക്തയുടേത് കേരളീയ സമൂഹത്തെ ഇരുട്ടിൽ നിർത്തുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ നടപടികളിലെല്ലാം അടിമുടി ദുരൂഹത നിറഞ്ഞുനിൽക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
മാർച്ച് 31നാണ് ഭിന്നാഭിപ്രായത്തെ തുടർന്ന് കേസ് വിശാല ബെഞ്ചിനു ലോകയുക്ത വിട്ടത്. ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലും,മന്ത്രിസഭ എടുത്ത തീരുമാനത്തിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലുമായിരുന്നു ഭിന്നാഭിപ്രായം. വിശാല ബെഞ്ച് എന്ന് കേസ് പരിഗണിക്കുമെന്നു നിശ്ചയിച്ചിട്ടില്ല.
മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയായിരുന്നു ഹർജി. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ എ കെ.കെ രാമചന്ദ്രൻറെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻറെയും കുടുംബത്തിനും പണം നൽകിയതിന് എതിരെയായിരുന്നു പരാതി.