Monday, January 6, 2025
National

‘ഞാൻ കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ’: പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ശശി തരൂർ

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്നുണ്ടായ പ്രതിപക്ഷ ഐക്യത്തിന്റെ തരംഗം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ആശ്ചര്യകരമായ തരംഗമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. പല പ്രതിപക്ഷ പാർട്ടികളും ഐക്യത്തിന്റെ ഫോർമുല മനസ്സിലാക്കിത്തുടങ്ങിയെന്നും തരൂർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

‘ഒരുമിച്ചാൽ വാഴും, പിളർന്നാൽ വീഴും’ എന്ന ചൊല്ലിന്റെ സത്യാവസ്ഥ പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷ ഐക്യം ഭരണപക്ഷത്തിന് മോശം വാർത്തയായിരിക്കും. താൻ പാർട്ടി നേതൃത്വത്തിലായിരുന്നെങ്കിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ കോർഡിനേറ്റർമാരാകാൻ ചെറുപാർട്ടികളെ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് തരൂർ പറഞ്ഞു.

പ്രതിപക്ഷം ഒന്നിച്ചാൽ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നേടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ജോഡോ യാത്രയെ ബിജെപിക്ക് ഭയമാണ്. വർഷങ്ങളായി രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ബിജെപി ശ്രമിച്ചിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം തങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അവർ തിരിച്ചറിഞ്ഞതായും ശശി തരൂർ.

Leave a Reply

Your email address will not be published. Required fields are marked *