‘ജനാധിപത്യത്തെ കൊന്നു’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് നേരെ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനാധിപത്യത്തെ കൊന്നുവെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു. തീരുമാനം ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് തുല്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഈ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പോരാട്ടം നയിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഇത് ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തെ തളച്ചിടാന്‍ മര്യാദയുടേയും ന്യായത്തിന്റേയും നിയമത്തിന്റേയും പരിധികള്‍ ബിജെപി ലംഘിച്ചുവെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
രാഹുലിനെതിരായ നടപടിയെ പ്രതിരോധിക്കാനുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തില്‍ ജനം കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് നിയമയുദ്ധത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്‌സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പുവച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗിനായാണ് വിജ്ഞാപനം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് രാഹുലിനെ എം പി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.