പ്രകൃതി സംരക്ഷണം ഉയര്‍ത്തിക്കാട്ടിയാലുടന്‍ വികസനം തടയാനാകില്ല; ബഫര്‍ സോണില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോതി
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വികസനം പ്രധാനപ്പെട്ടതാണ് എന്നതുപോലെ പ്രകൃതി സംരക്ഷണവും പരിപാലനവും മുഖ്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. പ്രകൃതിയെ സംരക്ഷിക്കുകയെന്നാല്‍ വികസനം ഉപേക്ഷിക്കുകയെന്നല്ല അര്‍ത്ഥം. പ്രകൃതി സംരക്ഷണ വിഷയം ഉയര്‍ത്തിയാലുടന്‍ വികസന പ്രവര്‍ത്തനം തടയാനാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
ജയ്പുരില്‍ നിന്നുള്ള ഒരു കേസ് പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കുന്ന വിധി നടപ്പിലാക്കുമ്പോള്‍ ഓരോ പ്രദേശത്തേയും യഥാര്‍ത്ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ണമായി നിര്‍ത്തിവയ്ക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്ററില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നഗരങ്ങള്‍ക്ക് ഉള്ളില്‍ വനമായി വിജ്ഞാപനം ചെയ്ത ചില സ്ഥലങ്ങളുണ്ടെന്നും ബഫര്‍ സോണ്‍ വിധി ഇത്തരം മേഖലകളില്‍ നടപ്പാക്കിയാല്‍ അത് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.