Tuesday, April 15, 2025
Kerala

വിഴിഞ്ഞത്ത് സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

വിഴിഞ്ഞം തുറമുഖത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരം സംഘര്‍ഷത്തിലേക്ക്. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റം നടന്നു. സമരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കല്ലേറില്‍ ട്വന്റിഫോര്‍ ന്യൂസിന്റെ ഡ്രൈവര്‍ രാഹുലിന് പരുക്കേറ്റു. മീഡിയ വണ്‍ ചാനലിന്റെ കാമറ പ്രതിഷേധക്കാര്‍ തകര്‍ത്തു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാംദിനമാണ് ഇന്ന്. വിഴിഞ്ഞം മുല്ലൂരിലും മുതലപ്പൊഴിയിലും കരയിലും കടലിലുമായാണ് സമരം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പദ്ധതിപ്രദേശത്തേക്ക് കടന്നുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക, മണ്ണെണ്ണ സബ്‌സിഡി വര്‍ധിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

ജൂലൈ 20ന് സെക്രട്ടറിയേറ്റിന് മുന്നിലാരംഭിച്ച പ്രതിഷേധം തുറമുഖ കവാടത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷഭരിതമായി. തുറമുഖനിര്‍മാണം തടസപ്പെടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് വരെ പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ടും പൂട്ടുകള്‍ തകര്‍ത്തും പദ്ധതിപ്രദേശത്തേക്ക് കടന്നായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *