Saturday, October 19, 2024
Kerala

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ ഹൈക്കോടതി വിധി കാത്ത് സർക്കാർ

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ ഹൈക്കോടതി വിധി കാത്ത് സർക്കാർ. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസും. അതേസമയം, സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത.

സംഘർഷാന്തരീക്ഷം തളം കെട്ടി നിൽക്കുമ്പോഴും നിലവിൽ വിഴിഞ്ഞത്ത് സ്ഥിതിഗതികൾ ശാന്തമാണ്. കേസിൽ ഹൈക്കോടതി വിധി വരുന്നത് വരെ പ്രകോപനപരമായ നടപടികൾ പരമാവധി ഒഴിവാക്കാനാണ് സർക്കാർ ആലോചന. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് നടപടികളിലേക്ക് ഉടൻ കടക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസും. അതേസമയം, കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ സ്ഥലങ്ങൾ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് സന്ദർശിച്ചേക്കും. നിലവിലെ സാഹചര്യവും അന്വേഷണ സംഘം വിലയിരുത്തും. സമരം തുടരുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപതയും.

അതേസമയം, സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ. നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിർദേശവും തുടരുകയാണ്. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യൽ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

അതിനിടെ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ശശികലയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ഇന്ന് മാർച്ച് നടത്തും. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനിൽ നിന്നാണ് മാർച്ച് തുടങ്ങുക.

പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തതിന് 3000 പേർക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്റ്റേഷൻ ആക്രണത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ ഇന്നലെ ആശുപത്രിവിട്ടിരുന്നു.

മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദിയെന്ന്‌ വിളിച്ച ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിൻ്റെ പരാമർശം വിവാദമയൈരുന്നു. മന്ത്രിയുടെ പേരിൽ തന്നെ ഒരുതീവ്രവാദിയുണ്ടെന്ന വിവാദ പരാമർശമാണ് നടത്തിയത്. വിവാദ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് താനൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.