Monday, January 6, 2025
Kerala

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തില്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി രോഗികളുടെ ബന്ധുക്കളാല്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. കേസ് നല്‍കിയാലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതി മുന്‍പാകെ ഉന്നയിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ 137 കേസുകളാണ് ഈ വര്‍ഷം മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സുരക്ഷക്ക് വേണ്ടി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആശുപത്രികളില്‍ ലേഡി ഡോക്ടര്‍മാര്‍ അടക്കം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ഡോക്ടര്‍മാരോ അവരുടെ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഡോക്ടര്‍, നഴ്‌സ്, സെക്യൂരിറ്റി, മറ്റ് ജീവനക്കാര്‍ എന്നിവരുടെ എല്ലാം സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *