കോടതിയലക്ഷ്യ കേസ്; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയും രജിസ്ട്രാറും ഹാജരാകണമെന്ന് ഹൈക്കോടതി
കോടതിയലക്ഷ്യ കേസില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയും രജിസ്ട്രാറും ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കോളജില് അഫിലിയേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതാണ് കാരണം.
പ്രൊഫസര്‍ ജോബി കെ ജോസ്, പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ ഈ മാസം 9ന് ഹാജരാകണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദേശം. കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍വകലാശാലയില്‍ നിന്ന് ഒരു വിശദീകരണവും കോടതിയില്‍ നല്‍കിയിരുന്നില്ല. ഈ വീഴ്ചയെ തുടര്‍ന്ന് കോളജ് മാനേജ്‌മെന്റാണ് ഹര്‍ജിയുമായി കോടതിയിലെത്തിയതും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തതും. ഈ ഹര്‍ജിയിലാണ് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കോടതി ഉത്തരവ്, എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന് വിസിയും രജിസ്ട്രാറും വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. നേരത്തെ കോളജിന് അഫിലിയേഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും നിര്‍ദേശം നല്‍കിയിരുന്നു.