മുഖം ഭംഗിയാക്കാനും പ്രായം ചര്‍മ്മത്തെ ബാധിക്കുന്നത് തടയാനും ഇവ ഉപയോഗിച്ചുനോക്കൂ…
പ്രായമേറുംതോറും അത് ഏറ്റവുമധികം പ്രതിഫലിക്കുക ചര്‍മ്മത്തില്‍ തന്നെയാണ്. നല്ലൊരു സ്കിൻ കെയര്‍ റൂട്ടീനുണ്ടെങ്കില്‍ പ്രായമേറുന്നത് ഒരു പരിധി വരെ നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. സ്കിൻ കെയറിന് വേണ്ടി എപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ തന്നെ പോവുകയോ വിലകൂടിയ ഉത്പന്നങ്ങള്‍ തന്നെ വാങ്ങി ഉപയോഗിക്കുകയോ വേണമെന്നില്ല.
വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചില പൊടിക്കൈകള്‍ നമുക്ക് ചെയ്യാം. അതുപോലെ ഭക്ഷണമടക്കമുള്ള ജീവിതരീതികളിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിനോക്കാം. ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയാക്കുന്നതിനും പ്രായം തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം ആയുര്‍വേദ വിധിപ്രകാരം ഉപയോഗിക്കാവുന്ന ചില ചേരുവകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മഞ്ഞള്‍…
മഞ്ഞള്‍ ചര്‍മ്മത്തിന് എത്രമാത്രം നല്ലതാണെന്ന് പറയാതെ തന്നെ മിക്കവര്‍ക്കും അറിയാം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ എന്ന ഘടകമാണ് ചര്‍മ്മത്തിനെ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ വലിയ രീതിയില്‍ സഹായകമാണ്.
നെയ്…
നെയ് എല്ലാ ദിവസവും അല്‍പം കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ആന്‍റി-ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് നെയ്. ആന്‍റി-ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനുമെല്ലാം അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്. ചര്‍മ്മത്തിനെ പരിപോഷിപ്പിക്കുന്ന ഫാറ്റി ആസിഡുകളും നെയ്യിലടങ്ങിയിരിക്കുന്നു.
കറ്റാര്‍വാഴ…
കറ്റാര്‍വാഴ മുടിക്കും ചര്‍മ്മത്തിനുമെല്ലാം ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. ചര്‍മ്മത്തില്‍ പ്രായം പ്രതിഫലിക്കുന്നത് തടയാനാണ് ഇത് ഏറെയും സഹായിക്കുക. അതായത് ചര്‍മ്മത്തില്‍ ചുളിവുകളോ പാടുകളോ വീഴുന്നത് തടയാനും ചര്‍മ്മം തിളക്കമുള്ളതാക്കി മാറ്റാനും.
ആര്യവേപ്പില…
ആര്യവേപ്പിലയും ചര്‍മ്മത്തിന് ഒരുപാട് ഗുണപ്പെടുന്ന ഒന്നാണ്. പലവിധത്തിലുള്ള അണുബാധകളെയും ചെറുക്കാൻ കഴിവുള്ളതിനാല്‍ തന്നെ ആര്യവേപ്പില തേക്കുന്നത് മുഖത്തിന് വളരെ നല്ലതാണ്. മുഖക്കുരുവിനെ ചെറുക്കാനും മുഖക്കുരു പാടുകള്‍ നീക്കാനുമെല്ലാം ആര്യവേപ്പില പ്രയോജനപ്പെടുന്നു.
അശ്വഗന്ധ…
അശ്വഗന്ധയും ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും ഏറെ പ്രയോജനത്തില്‍ പെടുന്നതാണ്. ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഇതിലൂടെ ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം അശ്വഗന്ധ സഹായിക്കുന്നു.
റോസ് വാട്ടര്‍…
സ്കിൻ കെയറില്‍ വളരെ കാലം മുമ്പ് തൊട്ട് തന്നെ ഉപയോഗിക്കുന്ന ഒന്നാണ് റോസ് വാട്ടര്‍. ചര്‍മ്മത്തിനേല്‍ക്കുന്ന പലവിധ കേടുപാടുകളെ പരിഹരിക്കുന്നതിനും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനുമാണ് റോസ് വാട്ടര്‍ സഹായകമാവുക.