മഞ്ഞുകാലമായിട്ട് സ്കിൻ വല്ലാതെ ഡ്രൈ ആകുന്നോ? വീട്ടില്‍ ചെയ്യാം പരിഹാരങ്ങള്‍…
മഞ്ഞുകാലമാകുമ്പോള്‍ സാധാരണഗതിയില്‍ പലവിധത്തിലുള്ള അണുബാധകളും കൂടാറുണ്ട്. ഇതിനൊപ്പം തന്നെ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മഞ്ഞുകാലത്ത് സ്കിൻ (ചര്‍മ്മം) വല്ലാതെ ‘ഡ്രൈ’ ആയിപ്പോകുന്ന അവസ്ഥ. പ്രധാനമായും വസ്ത്രം ധരിച്ച ശേഷം പുറത്തുകാണുന്ന ശരീരഭാഗങ്ങളാണ് ഇത്തരത്തില്‍ തണുപ്പുകാലത്ത് കാര്യമായി വരണ്ടുപോകുക.
പല സ്കിൻ കെയര്‍ പ്രോഡക്ടുകളും ഈ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കും. എങ്കിലും വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യുന്നത് വഴി ഒരു പരിധി വരെ സ്കിൻ വല്ലാതെ ഡ്രൈ ആയിപ്പോകുന്നത് തടയാൻ സാധിക്കും.ഇതിനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
പല ഹെര്‍ബല്‍ ഓയിലുകളും ഇത് പരിഹരിക്കുന്നതിനായി ഉപയോഗിക്കാം. ഫാറ്റി ആസിഡ് കാര്യമായി അടങ്ങിയിട്ടുള്ള പ്ലാന്‍റ് ബേസ്ഡ് ഓയിലുകളെല്ലാം ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിന് സഹായിക്കും. വെളിച്ചെണ്ണ, എള്ളെണ്ണ, സൂര്യകാന്തി എണ്ണ എന്നിവയെല്ലാം ഇങ്ങനെ ഉപയോഗിക്കാവുന്ന എണ്ണകളാണ്.
രണ്ട്…
ഒലിവ് ഓയിലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന സ്ക്രബ്ബുണ്ട്. ഇതുപയോഗിക്കുന്നതും ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിന് സഹായിക്കും. അര കപ്പ് പഞ്ചസാരയും 2 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലുമാണ് ചേര്‍ക്കേണ്ടത്. ഇതിലേക്ക് വേണമെങ്കില്‍ ലാവണ്ടര്‍ ഓയില്‍ പോലുള്ള ഏതെങ്കിലും എസൻഷ്യല്‍ ഓയില്‍ അല്‍പം ചേര്‍ക്കുകയും ആവാം.
സ്ക്രബ് അധികം ശക്തി പ്രയോഗിക്കാതെ പതിയെ തേച്ചുപിടിപ്പിച്ച ശേഷം പിന്നീട് കഴുകിക്കളയാം.
മൂന്ന്…
കിടക്കുന്നതിന് മുമ്പ് പതിവായി വെളിച്ചെണ്ണ തേക്കുന്നതും ചര്‍മ്മം വരണ്ടുപോകുന്നത് തടയാൻ വലിയ രീതിയില്‍ സഹായിക്കും. കൈകളിലും കാലുകളിലുമെല്ലാം നന്നായി വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ചാല്‍ മതി.
നാല്…
വളെര എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു മാസ്ക് ആണ് നേന്ത്രപ്പഴവും തേനും അരിപ്പൊടിയും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്നത്. ഇതും മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ടുപോകുന്നത് തടയാൻ ഏറെ സഹായിക്കും. എന്ന് മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.
പഴുത്ത നേന്ത്രപ്പഴം ഒരെണ്ണം ഒരു ടേബിള്‍ സ്പൂണ്‍ അരിപ്പൊടിക്കും ഒന്നര ടേബിള്‍ സ്പൂണ്‍ മഞ്ഞളിനും രണ്ട് ടേബിള്‍ സ്പൂണ്‍ തേനിനുമൊപ്പം ചേര്‍ത്താണ് മാസ്ക് തയ്യാറാക്കേണ്ടത്. എല്ലാം നന്നായി യോജിപ്പിച്ചെടുത്ത ശേഷം ഇത് തേച്ച് പതിനഞ്ച് – ഇരുപത് മിനുറ്റ് വരെ വച്ച ശേഷം കഴുകിക്കളയാം.
അഞ്ച്…
ധാരാളം ആരോഗ്യഗുണങ്ങളുള്ള, ഔഷധമായി തന്നെ കണക്കാക്കുന്നൊരു ചെടിയാണ് കറ്റാര്‍വാഴയെന്ന് നമുക്കറിയാം. മുടിക്കും ചര്‍മ്മത്തിനുമെല്ലാം ഇതുകൊണ്ട് കാര്യമായ ഉപകാരങ്ങളുണ്ട്. കറ്റാര്‍വാഴയും ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിന് വലിയ തോതില്‍ സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ജെല്‍ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് വെറുതെ മുഖത്തോ മറ്റിടങ്ങളിലോ അപ്ലൈ ചെയ്താല്‍ തന്നെ ധാരാളം. കറ്റാര്‍വാഴ കൊണ്ട് തയ്യാറാക്കുന്ന വിവിധ ഉത്പന്നങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.