തലമുടി സംരക്ഷണം എങ്ങനെയെല്ലാം
മുടി സംരക്ഷണത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി ചകിരി നാരു പോലെയാവുന്നത്. മുടിയുടെ വരള്‍ച്ചയും പ്രശ്നവുമാണ് പലപ്പോഴും മുടി ചകിരി നാരുപോലെയാവാന്‍ കാരണം.
മുടിയുടെ വേരുകളിലാണ് പ്രശ്നത്തിന്റെ ആരംഭം. മുടിക്ക് തിളക്കം ലഭിക്കാനും മുടി ചകിരി നാരു പോലെയാവുന്നത് തടയാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. കൃത്രിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നം ഗുരുതരമാക്കുന്നതിനെക്കാളും നല്ലത് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതാണ്.
വരണ്ട മുടിയില്‍ എപ്പോഴും ജലാംശം ആവശ്യമാണ്. അതിനായി തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുടിക്ക് മിനുസം നല്‍കാം. തേങ്ങാപ്പാല്‍ മുടിയുടെ അറ്റത്ത് നിന്ന് തേച്ച് തുടങ്ങാം. അല്‍പ സമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാബൂ ഉപയോഗിച്ച് കഴുകിക്കളയാം.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. ഇത് മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ വരള്‍ച്ച മാറ്റുകയും ചെയ്യുന്നു. ആപ്പിള്‍ ജ്യൂസ് ഉപയോഗിച്ച് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാം. ആപ്പിള്‍ ജ്യൂസില്‍ നാരങ്ങ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ഇത് മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.
തൈരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. മുടി ചകിരി നാരു പോലെയാകുന്നതിനെ ഏറ്റവും കൂടുതല്‍ പ്രതിരോധിക്കുന്ന ഒന്നാണ് തൈര്. ആദ്യം തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാബൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
കറ്റാര്‍വാഴയാണ് മറ്റൊന്ന്. കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ചാൽ മുടിയുടെ വരള്‍ച്ച മാറും. കറ്റാര്‍വാഴ നീര് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിക്ക് മൃദുത്വം നല്‍കുന്നു.
ഉലുവ കൊണ്ട് മുടിക്ക് തിളക്കം നല്‍കാന്‍ കഴിയും. ഉലുവ അരച്ച് പേസ്റ്റാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട മുടിയെ മിനുസമുള്ളതാക്കി മാറ്റും.