ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം; 13 നഗരങ്ങളിൽ ലോക്ക് ഡൗൺ
ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ചൈനയിൽ മൂന്ന് കോടിയോളം ജനങ്ങൾ ലോക്ക് ഡൗണിലാണ്. ലോകത്തിന് തന്നെ ആശങ്കയുണർത്തുന്നതാണ് ചൈനയിലെ കൊവിഡ് വ്യാപനം
ചൊവ്വാഴ്ച ചൈനയിൽ 5280 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പുള്ള ദിവസം റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയാണിത്. ചൈനയുടെ സീറോ കൊവിഡ് യജ്ഞത്തിന് വലിയ തിരിച്ചടിയുണ്ടായെന്നാണ് വിവരം.
13 നഗരങ്ങളിലെങ്കിലും ലോക്ക് ഡൗൺ നിലവിലുണ്ടെന്നാണ് അറിയുന്നത്. പൊതുഗതാഗതം പൂർണമായി അടഞ്ഞു. ജനങ്ങളോട് മൂന്ന് തവണ കൊവിഡ് പരിശോധന നടത്താനും ഭരണകൂടം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ബീജിങ്ങിലെയും ഷാംഗ്ഹായിലെയും ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.