താരന്‍ നിശ്ശേഷം നീക്കാന്‍ മൈലാഞ്ചിക്കൂട്ട്
പലരെയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. വരള്‍ച്ചയും ചൊറിച്ചിലുമുള്ള തലയോട്ടിയില്‍ ഉണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് താരന്‍. ക്രമേണ നിങ്ങളുടെ മുടി കൊഴിയുന്നതിനും കാരണമാകുന്ന ഒന്നാണിത്. കാലാവസ്ഥാ മാറ്റം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, തലമുടി ശരിയായി കഴുകാതിരിക്കുക, നനഞ്ഞ മുടി കെട്ടാതിരിക്കുക, മോശം മുടി സംരക്ഷണം എന്നിവയൊക്കെ താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്. നിങ്ങളുടെ തലയിലെ താരന്‍ ശല്യം പരിഹരിക്കാനായി നിങ്ങള്‍ക്ക് മൈലാഞ്ചി ഉപയോഗിക്കാവുന്നതാണ്.
കാലങ്ങളായി മുടി സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്നൊരു ഒറ്റമൂലിയാണ് മൈലാഞ്ചി. ഇത് നിങ്ങളുടെ മുടിക്ക് പ്രകൃതിദത്ത നിറവും ആഴത്തിലുള്ള കണ്ടീഷനിംഗും നല്‍കുന്നു. കഠിനമായ താരന്‍ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനായി നിങ്ങള്‍ക്ക് ചില മൈലാഞ്ചി ഹെയര്‍ പായ്ക്കുകള്‍ ഗുണം ചെയ്യും. എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാവുന്ന അത്തരം ചില പായ്ക്കുകള്‍ നമുക്കു നോക്കാം. ശ്രദ്ധിക്കുക, എണ്ണമയമുള്ള മുടിയില്‍ ഇവ ഗുണം ചെയ്‌തെന്നു വരില്ല.
മൈലാഞ്ചി, നാരങ്ങ, തൈര്
4 ടേബിള്‍സ്പൂണ്‍ നേര്‍ത്ത മൈലാഞ്ചി പൊടി, ഒരു നാരങ്ങയുടെ നീര്, അല്‍പം തൈര് എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. മൈലാഞ്ചി പൊടിയില്‍ നാരങ്ങ നീര് ചേര്‍ത്തശേഷം അതില്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. തുള്ളി വീഴാത്ത തരത്തില്‍ മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. ഈ മൈലാഞ്ചി പേസ്റ്റ് നിങ്ങളുടെ മുടി വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടുക. 30 മിനിറ്റ് നേരം ഇത് മുടിയില്‍ ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. വരണ്ട മുടി ഉള്ളവര്‍, ഒരു കണ്ടീഷണര്‍ ഉപയോഗിക്കുക.
മൈലാഞ്ചി, ഉലുവ
4 ടേബിള്‍സ്പൂണ്‍ നേര്‍ത്ത മൈലാഞ്ചി പൊടി, 2 ടേബിള്‍സ്പൂണ്‍ തൈര്, ഒരു നാരങ്ങയുടെ നീര്, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, അല്‍പം വിനാഗിരി, ഉലുവ പൊടി എന്നിവയാണ് ഈ പായ്ക്കിനായി നിങ്ങള്‍ക്ക് ആവശ്യം. വൃത്തിയുള്ളൊരു പാത്രത്തില്‍ ഇതെല്ലാം എടുത്ത് എല്ലാ ചേരുവകളും ചേര്‍ത്ത് കുറഞ്ഞത് 12 മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക. ഇത് രാത്രി മുഴുവന്‍ വച്ച ശേഷം രാവിലെ നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. തലമുടിയില്‍ വേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ ഈ പായ്ക്ക് പുരട്ടുക. 2-3 മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വരണ്ട മുടിയുണ്ടെങ്കില്‍ ഒരു കണ്ടീഷണര്‍ ഉപയോഗിക്കുക
മുട്ട, മൈലാഞ്ചി
3 ടേബിള്‍സ്പൂണ്‍ നേര്‍ത്ത മൈലാഞ്ചി പൊടി, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 2 ടേബിള്‍സ്പൂണ്‍ മുട്ട വെള്ള എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ തലമുടിയില്‍ വേര് മുതല്‍ അറ്റം വരെ പുരട്ടുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഈ പേസ്റ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വരണ്ട മുടിയുണ്ടെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിക്കുക.
കടുക് എണ്ണ, മൈലാഞ്ചി
250 മില്ലി കടുക് എണ്ണ, രണ്ട് പിടി മൈലാഞ്ചി ഇല, ഒരു ടീസ്പൂണ്‍ ഉലുവ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. താരന്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ എണ്ണകളില്‍ ഒന്നാണിത്. കടുക് എണ്ണ ചൂടാക്കുക. ഇത് അല്പം തണുക്കുമ്പോള്‍ മൈലാഞ്ചി ഇലയും ഉലുവയും ചേര്‍ക്കുക. മൈലാഞ്ചി ഇലയുടെ നിറം മാറുന്നതുവരെ എണ്ണയില്‍ മുക്കിവയ്ക്കുക. എണ്ണ തണുപ്പിച്ച് ഒരു രാത്രി മാറ്റിവയ്ക്കുക. ഒരു കുപ്പിയിലോ പാത്രത്തിലോ സൂക്ഷിച്ച് താരന്‍ നീക്കാന്‍ ഹെയര്‍ മസാജുകള്‍ക്കായി ഈ എണ്ണ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് പുരട്ടി ഒരു മണിക്കൂര്‍ നേരം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
മുടിക്ക് മൈലാഞ്ചിയുടെ ഗുണങ്ങള്‍
പണ്ടുകാലം മുതലേ മുടി സംരക്ഷണത്തിന് പേരുകേട്ട ഒറ്റമൂലിയാണ് മൈലാഞ്ചി. മൈലാഞ്ചിയിലെ സ്വാഭാവിക ഗുണങ്ങള്‍ മുടിയുടെ വളര്‍ച്ചയെ ഗണ്യമായി പ്രോത്സാഹിപ്പിക്കുന്നു. തലയോട്ടിയിലെ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു, മാത്രമല്ല മുടി കെട്ടുന്നത് തടയുകയും ചെയ്യുന്നു.
തലയോട്ടിയിലെ ചൊറിച്ചില്‍ നിയന്ത്രിക്കുന്നു
മൈലാഞ്ചി നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതില്‍ സ്വാഭാവിക ആന്റിഫംഗല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ തലയോട്ടി തണുപ്പിക്കാനും ശമിപ്പിക്കാനും ഗുണം ചെയ്ത് തലയോട്ടിയിലെ ചൊറിച്ചില്‍ നിയന്ത്രിക്കുന്നു.
മുടി പൊട്ടുന്നത് തടയുന്നു
മുടിയുടെ അറ്റം പിളരുന്നത് ചികിത്സിക്കാന്‍ മൈലാഞ്ചി ഗുണം ചെയ്യുന്നു. വരണ്ടതും കേടായതുമായ മുടിയുടെ അറ്റം പൊട്ടാന്‍ സാധ്യത ഏറെയാണ്. മൈലാഞ്ചി ഉപയോഗിക്കുന്നത് ഇത് തടയാനുള്ള മികച്ച മാര്‍ഗമാണ്. വരണ്ട മുടിയുടെ പ്രശ്‌നത്തെ പരിപാലിക്കുന്ന മൈലാഞ്ചി നിങ്ങളുടെ മുടിയെ വളരെയധികം പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
മുടിക്ക് കട്ടി നല്‍കുന്നു
മൈലാഞ്ചി നിങ്ങളുടെ തലമുടി കട്ടിയുള്ളതും തിളക്കമുള്ളതുമാക്കുന്നു. മൈലാഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ടാന്നിന്‍ മുടിയെ ശക്തമാക്കാന്‍ സഹായിക്കുന്നു. മുടിയുടെ കേടുപാടുകള്‍ തീര്‍ക്കുകയും ഓരോ ഉപയോഗത്തിലും മുടിയെ കട്ടിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.
പി.എച്ച് നില സന്തുലിതമാക്കുന്നു
മൈലാഞ്ചി നിങ്ങളുടെ തലയിലെ പി.എച്ച് നിലയും എണ്ണ ഉല്‍പാദനവും സന്തുലിതമാക്കുന്നു. അമിതമായി സെബം ഉത്പാദിപ്പിക്കുന്നത് തടയുന്നതിലൂടെ തലയിലെ സ്വാഭാവിക എണ്ണ ഉല്‍പാദനം നിയന്ത്രിക്കുന്നു. തലയോട്ടിയിലെ പി.എച്ച് അതിന്റെ സ്വാഭാവിക നിലയില്‍ പുനസ്ഥാപിക്കാനും ഇത് സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ മുടിയിഴകള്‍ ശക്തിപ്പെടുന്നു
പ്രകൃതിയുടെ ഹെയര്‍ ഡൈ
ഒരു സ്വാഭാവിക ഹെയര്‍ ഡൈ ആണ് മൈലാഞ്ചി. മൈലാഞ്ചിയുടെ ഏറ്റവും വ്യക്തമായ ഉപയോഗങ്ങളിലൊന്നാണിത്. മാര്‍ക്കറ്റുകളില്‍ എളുപ്പത്തില്‍ ലഭ്യമായ രാസവസ്തുക്കള്‍ക്ക് പകരം നിങ്ങളുടെ മുടിക്ക് നിറം നല്‍കാന്‍ മൈലാഞ്ചി ഉപയോഗിക്കാവുന്നതാണ്.